Saturday, August 28, 2010

പണത്തിന്റെ ആത്മകഥ വായിക്കാന്‍ ഇന്ത്യന്‍ റൂപ്പീസ്‌ കടം തരുമോ ?



ഇന്ത്യന്‍ റൂപ്പീസ്‌ കടം തരുമോ... (ഫ്രീലാന്‍സര്‍)
ഹരീഷ്‌ പന്തക്കല്‍ (9747070368/ 9349749431)

മഹാത്മാഗാന്ധി മുതല്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ വരെയുളളവരുടെ ആത്മകഥകളില്‍ ഗാന്ധിസവും,നാസിസവും വായിച്ചതു പോലെ നളിനി ജമീലയുടെയും, മണിയന്‍പിളളയുടെയും, വേശ്യയുടെയും, കളളന്റെയും ആത്മകഥയും വായിച്ചു.

മരിച്ചവരുടെയും, ജീവിച്ചിരിക്കുന്നവരുടെയും ആത്മകഥകള്‍കുട്ടികള്‍ക്ക്‌ പ്രചോദനപരമായ ഒരനുഭവമാണ്‌ പോലും. അതുകൊണ്ടാണത്‌ പാഠപുസ്‌തകമാവുന്നതുപോലും.

ഗാന്ധിതലയുളള ഇന്ത്യന്‍ റൂപ്പീസ്‌ അടിച്ചിറക്കുന്ന നമ്മുടെ റിസര്‍വ്‌ ബാങ്കിന്റെ മുന്‍ഗവര്‍ണര്‍ ഡോ.മന്‍മോഹന്‍ സിംഗിനെക്കൊണ്ട്‌ ഇന്ത്യ ഭിപ്പിക്കുന്ന മാഡം സോണിയാഗാന്ധിയും നമ്മുടെ ഒറിജിനല്‍ ഗാന്ധിയുടെ ആത്മകഥ വായിച്ചിരിക്കും.അല്ലെങ്കില്‍ ഗാന്ധിപാര്‍ട്ടിയുടെ ആത്മാവില്‍ ഇത്രയധികം സത്യാന്വേഷിയായി മാഡം ഉയരില്ലായിരുന്നു. ഇന്നിരായാവുന്ന(ഇന്ദിരയല്ല)എല്ലാ ഗാന്ധിയന്മാര്‍ക്കും സ്‌തുതി.

ധനതത്വ ശാസ്‌ത്രകാരനായ ഡോ.സിംഗ്‌ റൂപ്പീസിന്റെ ആത്മകഥ വായിക്കാതിരിക്കാന്‍ ഇടയില്ല. കാരണം അദ്ദേഹം ഗാന്ധിനോട്ടീനുമേല്‍ കയ്യൊപ്പിട്ട മനുഷ്യനാണ്‌. കേരളാസ്‌ മന്ത്രിധനനും,റിസര്‍ച്ചര്‍ വിത്ത്‌ റൈറ്ററും മാര്‍ക്കിസ്റ്റുമായ ഡോ. റ്റി.എം. ഐസക്‌ റൂപ്പീസിന്റെ ആത്മകഥ വായിക്കാതിരിക്കില്ല.

ഒരുപക്ഷേ ലണ്ടനില്‍നിന്ന്‌ ഈ പുസ്‌തകം വിമാനം കയറ്റി എത്തിച്ചവരില്‍ ഒരാള്‍ ഡോ.ഐസക്‌ തന്നെയായിരിക്കും രണ്ടാമതേ ഡോ.സിംഗ്‌ വരൂ. കാരണം വായനയുടെയും എഴുത്തിന്റെയും കാര്യത്തില്‍, ഇന്ത്യക്കാര്‌ ഭരിച്ചാലും റീഡേഴ്‌സിന്റെ പ്രധാനമന്ത്രി ഡോ.ഐസക്‌ തന്നെയെന്ന്‌ മുഹമ്മദ്‌ ആര്യാടന്‍്‌ പോലും സമ്മതിക്കും.

ഇനി അഥവാ ഗാന്ധിതല റൂപ്പീസിന്റെ ആര്‌ വായിച്ചില്ലെങ്കിലും കെ.എസ്‌.വെങ്കിടാചലം എന്ന മനുഷ്യപുത്രന്‍ അത്‌ വായിച്ചു കഴിഞ്ഞു. വിസ്‌തരിച്ച വായന. ഈ വെങ്കിടമാണ്‌ ചലവും ചോരയും മണക്കുന്ന നോട്ടുകള്‍ക്ക്‌ ആത്മകഥയുണ്ടെന്നും നിയാല്‍ ഫെര്‍ഗുസ്‌ എന്ന വെളളക്കാരനാണ്‌ പണത്തിന്റെ ആത്മകഥ എഴുതിയതെന്നും മാലോകരോട്‌ വിളിച്ചു പറഞ്ഞത്‌. 595 ഇന്ത്യന്‍ റൂപ്പീസ്‌ വിലയുളള ഈ പുസ്‌തകത്തിന്‌ 442 പേജസ്‌ ഉണ്ടുപോലും. എഴുത്ത്‌ കടലാസിലാണെങ്കിലും റൂപ്പീസിന്റെ കഥ റൂപ്പീസ്‌ കൊടുത്തുതന്നെ വാങ്ങി വായിക്കണം മാഷെ. കാരണം അത്‌ നളിനിജമീലാസ്‌ ആത്‌കഥ വായിക്കുന്നത്‌ പോലെയല്ല. നഷ്ടം വരുത്തില്ല. നിരാശയും. പോരേ.

റൂപ്പീസിനെ നിയന്ത്രിക്കേണ്ട വ്യക്തികളും,സ്ഥാപനങ്ങളും മാത്രമല്ല ഡോ. മന്‍മോഹന്‍സിംഗിനെയും, ഡോ.തോമസ്‌ ഐസകിനെയും പോലുളള ഇടത്‌/വലത്‌-കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളും എത്ര മോശമായ രീതികളിലാണ്‌ സ്വന്തം നിലപാടിനു വേണ്ടി നോട്ടിനെ ഗാന്ധിതല പരിഗണിക്കാതെ വളക്കുകയും ഒടിക്കുകയും ചെയ്യുന്നതെന്ന്‌ ഫെര്‍ഗു ഈ പുസ്‌തകത്തില്‍ പറയുന്നത്‌്‌. സത്യം. ഇതുകേട്ട്‌ ബ്ലേഡ്‌ ഗംഗാധര്‍ മുതല്‍ പല്‌ശസേട്ടും, പലിശരഹിത മൊയിലാര്‍ച്ചവരെ ചിരിച്ചില്ലെങ്കിലേ അത്ഭുതമുളളു. കാരണം ഇന്ത്യന്‍ റൂപ്പീസ്‌ ഉണ്ടയ കാലം മുതല്‍ ഇക്കാലമത്രെയും ഞാള്‌ നോട്ടിന്റെ വെളളയില്‍(White merk) എന്തെല്ലാമെന്തല്ലാം കണ്ട്‌ രസിച്ചു. എന്തിന്‌ ചിലപ്പോള്‍ നമ്മുടെ ഇന്ത്യന്‌ റൂപ്പീസ്‌ എഡിറ്റോറിയലില്ലാതെ അടിയന്തിരാവസ്ഥക്കാലത്തിറങ്ങിയ പത്രങ്ങള്‍ പോലെയാണ്‌ പുളിച്ച ഒരു തെറിയോ, വളിച്ച അശ്ലീലമോ എഴുതാന്‍ ഒന്നുമില്ലെങ്കില്‍ വെളളമാര്‍ക്ക്‌ പൗരധര്‍മ്മത്താല്‍ അങ്ങ്‌ വട്ടത്തില്‌ മുറിച്ചുകളയും. എഡിറ്റോറിയലില്ലെങ്കിലും പത്രം വായിക്കാമെന്നത്‌ പോലെ 'വെളള'പോയാലും നോട്ട്‌ ചിലവാകും. ഇത്‌ വല്ലതും ബ്രിട്ടനിലിരുന്ന്‌ എഴുതുകയും ലണ്ടനില്‍ ചെന്ന്‌ അച്ചടിക്കുകയും ചെയ്‌ത റൂപ്പീസ്‌ ആത്മകഥാകാരന്‍ ഫല്‍ഗു അറിയുന്നുണ്ടോ.

റൂപ്പീസിനെക്കുറിച്ച്‌ ആദ്യം എഴുതിയത്‌ ധനശാസ്‌ത്രജ്ഞരോ, നിയാല്‍റെര്‍ഗുസനോ ഒന്നുമല്ല. പാവം നമ്മുടെ സാക്ഷാല്‍ നിത്യചൈതന്യയത്രിയാണ്‌.മൂല്യങ്ങളുടെ മലക്കം മറിച്ചിലിനെ കുറിച്ചാണ്‌ 'ഗുരുസ്വാമി' എഴുതിയത്‌. 'ധനം' ഇത്‌ തിരിച്ചിട്ടാലും മറിച്ചിട്ടാലും പൂച്ച വീഴുന്നതുപോലെ എന്ന ന്യൂട്ടണ്‍ തിയറിയാണ്‌ യതിഗുരു കണ്ടെത്തിയത്‌ തോമസ്‌ ഐസക്‌ വിചാരിക്കുന്നുണ്ടാകും ഇതാണോ വലിയ ന്യൂട്ടണ്‍ തിയറിയെന്ന്‌. എന്ത്‌ ചെയ്യാനാ സഖാവെ, ന്യൂട്ടണിലും ഒരു ഐസക്കുണ്ട്‌. തോമസിലും ഒരു ഐസക്കുണ്ട്‌.

'ധനം' പോലെ ധായും നായും തിരിച്ചിടുന്നത്‌ പോലെ. അത്‌കൊണ്ട്‌ തലയെഴുതിയ ശിഹാബുദ്ദീന്‍ പൊയ്‌ത്തുകടവ്‌ ഇത്‌ തല തിരിഞ്ഞ പരിപാടിയാണെന്ന്‌ ഫെര്‍ഗുസന്‌ മുമ്പേ എഴുതിയിട്ടുണ്ട്‌.

ഗാന്ധിതല മുതല്‍ വിലപിടിപ്പുളള നോട്‌സ്‌ തലകളേതെല്ലാമെന്നറിയാന്‍ ശിഹാബുദ്ദീന്റെ 'തല' വായിക്കുക.

എന്തൊക്കെ വിഷയങ്ങളാണ്‌ റൂപ്പീസിന്റെ ആത്മകഥാ പുസ്‌തകത്തില്‍ ഫെര്‍ഗു പറയുന്നത്‌. ബാങ്കര്‍മാര്‍,ബ്ലേഡുകള്‍,പണക്കാര്‍,കടക്കാര്‍,കൊളളക്കാര്‍ എന്നിവര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്‌തകമാണിതെന്ന്‌ വെങ്കിടാചലം.

സാമ്പത്തികശാസ്‌ത്രത്തെ ഒരു നോവല്‍ പോലെ ഈ പുസ്‌തകത്തില്‍ വായിക്കാമെന്നും ഇതിന്റെ സ്‌പോക്‌സ്‌മാന്‍.

ബാങ്ക്‌, പണയ,ബ്ലേഡ്‌, കട,കൊളളക്കാര്‍ക്ക്‌ ഈ പുസ്‌തകം വായിക്കാന്‍ കൊതി തോന്നുന്നില്ലേ?

റൂപ്പീസിനെകുറിച്ച്‌ നിങ്ങള്‍ക്ക്‌ ഒന്നുമറിയില്ല. ആയതിനാല്‍ ഫര്‍ഗുസ്‌ പറയുന്നു, റൂപ്പീസ്‌ എന്നല്ല ഡോളര്‍എന്നല്ല ദീനാര്‍ എന്നോ ദിര്‍ഹം എന്നോ ഏത്‌ ദൈവനാമത്തില്‍ വിളിച്ചാലും പണം, പണം തന്നെയാണ്‌. എല്ലാവര്‍ക്കും എല്ലാറ്റിനും പണം വേണം. അത്‌കൊണ്ട്‌ തന്നെ പണം എല്ലാ നന്‍മകളുടെയും, തിന്മകളുടെയും അടിസ്ഥാന കാരണംകൂടിയാണ്‌.

എന്റെ പൊന്നു സായിപ്പേ, ഇത്‌ ഏത്‌ കുട്ടിക്കാണ്‌ ഏത്‌ കാലത്താണ്‌ അറിയാതിരുന്നത്‌. ഏത്‌കുഞ്ഞിനും ചില്ലറയിടാന്‍ ഹുണ്ടിയുളള കാലമാണിത്‌.കുലുക്കട്ടെ, കുലുക്കട്ടെ ചില്ലറ കുലുക്കട്ടെ.


പണം എവിടെ നിന്നുവന്നു? എവിടേക്കു പോകുന്നു? ഇതൊന്നുമോര്‍ത്ത്‌ സായിപ്പ്‌ തല പുണ്ണാക്കേണ്ട. ഇന്‍കംടാക്‌സ്‌ ഇന്റലിജന്‍സും എന്‍ഫോഴ്‌സുമെന്റുമൊക്കെ എല്ലാ രാജ്യത്തുമുണ്ട്‌. പുസ്‌തകമെഴുതി അവരുടെ പണി കളയേണ്ട.

ഫെര്‍ഗുസന്‍ റൈറ്ററുടെ അന്തിമ വിശകലനത്തില്‍ പണം മനുഷ്യരാശിയുടെ ഉയര്‍ച്ചയ്‌ക്കല്ല,തകര്‍ച്ചയ്‌ക്കാണ്‌പോലും കാരണമാകുന്നത്‌. അതുകൊണ്ട്‌ തന്നെ ദരിദ്രര്‍ പണം എന്ന ഭീകരജന്തുവിനെ വരച്ചവരയില്‍ നിര്‍ത്തണംപോലും

കളളപ്പണത്തിന്റെയും കളളനോട്ടിന്റെയും പോളിറ്റ്‌ബ്യൂറോയായ കാസര്‍കോട്‌ വെച്ച്‌ മറിച്ചൊരു തര്‍ക്കത്തിന്‌ മുതിരുന്നില്ല സര്‍. കാരണം മറ്റൊന്നുമല്ല, ആവതില്ല എന്നത്‌ മാത്രം.

ആയതിനാല്‍ സര്‍,ഫെര്‍ഗുസന്‍,

ഞാനൊരു ഇന്ത്യന്‍ ദരിദ്രനാണ്‌. പണം എന്ന ഭൂതത്തെ വരച്ചവരയില്‍ നിര്‍ത്താനുള്ള ശേഷിയില്ല. ഏതെങ്കിലുമൊരു ഭൂതത്തെ പിടിച്ചു തിന്നാനുള്ള വിശപ്പ്‌ മാത്രമാണുള്ളത്‌. അതിനാല്‍ പ്ലീസ്‌, ഗാന്ധിതലയുള്ള കുറച്ച്‌ ഇന്ത്യന്‍ റുപ്പീസും കയ്യൊപ്പിട്ട റുപ്പീസിന്റെ ആത്മകഥാ പുസ്‌തകവും തരൂ. സര്‍, തീര്‍ച്ചയായും കഞ്ഞിവെച്ച്‌ കുടിച്ചിട്ട്‌ ഈ ഗമണ്ടന്‍ പുസ്‌തകം നോവല്‍ പോലെ വായിക്കാം

No comments:

Post a Comment