Saturday, August 28, 2010

ഫോര്‍ത്ത്‌ ഫോറം പോസ്‌റ്റിലെ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌

ഫോര്‍ത്ത്‌ ഫോറം പോസ്‌റ്റിലെ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ (ഫ്രീലാന്‍സര്‍)
കുബേര പുത്രനായ രാഹുല്‍ഗാന്ധിതന്നെ ലോകസഭയില്‍ എത്തിച്ച സ്വന്തം കുചേല ഗ്രാമമായ അമേത്തിയില്‍ ഈയ്യിടെ രാപകല്‍ ഒരു കുചേല കുടില്‍ പാര്‍ക്കുകയുണ്ടായി. ഈ നേരത്ത്‌ തന്നെ സേവിക്കാനെത്തിയ എല്ലാ മാധ്യമപ്പടയേയും ചെറിയ ഗാന്ധി ആട്ടിപായിച്ചു. ഇതിന്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ വിശദീകരണം: സാധാരണക്കാരുമായി അടുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാമീപ്യം തടസം നില്‍ക്കുമെന്നാണ്‌.

ജനത്തിന്റെ നാവാണ്‌ പത്രപ്രവര്‍ത്തകന്‍ എന്നാണ്‌ പഴഞ്ചൊല്ല്‌. കാരണം പാല്‍ക്കാരനും, പത്രക്കാരനുമില്ലാതെ ലോകത്തെവിടെയും പ്രഭാതങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ഒരു ദരിദ്ര്യരാജ്യത്തിലെ ജനാധിപത്യത്തിന്റെ നാലാതൂണാണെന്ന്‌ വിശേഷിപ്പിക്കുന്ന ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ വര്‍ക്കേഴ്‌സ്‌, റിയല്‍ എസ്‌റ്റേറ്റ്‌ ഏജന്റ്‌മാരെ പോലെയാണെന്ന്‌ നാളെ ഭാരതം ഭരിക്കേണ്ട പുതിയ ഗാന്ധിമാര്‍ കരുതുമ്പോള്‍ വരും കാലത്ത്‌ നമ്മുടെ മാധ്യമ പ്രൊഫഷനിലിസ്റ്റുകളുടെ ഭാവി എന്തായിരിക്കുമെന്ന്‌ ഒന്ന്‌ ചിന്തിച്ച്‌ നോക്കിയേ!

വരുംകാല ഇന്ത്യയില്‍ രാഹുല്‍ഗാന്ധി പ്രധാന മന്ത്രിയാവുകയും അദ്ദേഹം പ്രതിഷ്‌ഠിക്കുന്ന പ്രസിഡണ്ടും, സ്‌പീക്കറുമുണ്ടാവുകയും ചെയ്‌താല്‍ ലോക്‌സഭാ നടപടികള്‍ ഇന്നത്തെ പോലെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ വര്‍ക്കേഴ്‌സിന്‌ അനുമതിയുണ്ടാകുമോ എന്നകാര്യം സംശയമാണ്‌.

രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അത്രമാത്രം അധ:പതിച്ച്‌ പോയിരിക്കുന്നു നമ്മുടെ മാധ്യമലോകം. അക്കാദമിക്ക്‌ പ്രൊഫഷനിലസത്തിന്റെ തള്ളിക്കയറ്റത്തില്‍ ധാര്‍മ്മികത ചതഞ്ഞ്‌ പോയി. പുതിയ മാധ്യമപ്രവര്‍ത്തകര്‍ പഴയമെഡിക്കല്‍ റപ്രസന്റിറ്റീവ്‌മാരെപോലെയാണ്‌. മരുന്ന്‌ വില്‍പ്പനക്കാരെപോലെ പത്രക്കോളവും, ടി.വി ടൈമിങ്ങും വില്‍ക്കാന്‍ നടക്കുന്നു. പുതിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ജോര്‍ണലിസ്‌റ്റുകള്‍ തങ്ങള്‍ മോഡേണ്‍ മെഡിക്കല്‍ റപ്പുമാരാണെന്നും പഴയ സ്‌കൂള്‍ ജേണലിസ്റ്റുകള്‍ ലാട വൈദ്യന്‍മാരാണെന്നും സ്വയം വിചാരിക്കുന്നു.

ഈയ്യിടെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ ഒരു മലയാളം ടി.വി ചാനലിന്‌ വാര്‍ത്താ വിപരണം നല്‍കുന്ന ജേര്‍ണലിസ്റ്റിനെ അവിടത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പരിഹസിച്ചത്‌ ഇങ്ങിനെ: ഇതിലും നന്നായിവര്‍ത്തമാനം പറയാന്‍ കെല്‍പ്പുള്ളവര്‍ നമ്മള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉണ്ടെന്നാണ്‌.

30വയസ്‌ പ്രായമുള്ള അവിവാഹിതനും, കുടുംബഭാരവും, ലോകവ്യഥയുമില്ലാത്ത കോമാളിവേഷംകെട്ടുന്ന പാവം ടി.വി ജേര്‍ണലിസ്റ്റിനെ ഓട്ടോ ഡ്രൈവര്‍ക്ക്‌ കളിയാക്കാന്‍ എന്തധികാരമെന്ന്‌ ടി.വി പ്രേക്ഷകനാണെങ്കില്‍ ആരും സ്വയം പോലും ചോദിക്കില്ല.

ഇനി മാധ്യമം മാറിയവരുടെ കാര്യമാണ്‌ ഏറെ കഷ്ടം. പ്രിന്റിങ്ങ്‌ മീഡിയായിലെ വര്‍ക്ക്‌ ബോറടിച്ചപ്പോള്‍ ചിലര്‍ വിഷ്വല്‍ മീഡിയായിലേക്ക്‌ വാക്കും, റണ്ണും ചെയ്‌തു. ഇവരുടെ ഭാഷാ പ്രയോഗമാണ്‌ ഏറെ കഷ്ടം. തുടങ്ങിയെടുത്ത്‌ തന്നെയാണ്‌ ഇപ്പോഴും പലരും നില്‍ക്കുന്നത്‌. അതിനവര്‍ പറയുന്ന സമാധാനം: എഴുത്ത്‌ ഭാഷയേ നിലവിലുള്ളൂ. ഇനിയും പുതിയ ദൃശ്യഭാഷാ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നാണ്‌.

ഒരു വര്‍ഷത്തിന്‌ താഴെ തിരുവനന്തപുരം പ്രസ്‌ ക്ലബിലെ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ഇലക്ട്രോണിക്‌സ്‌ ജേണലിസം പഠിക്കുന്ന ന്യൂജനറേഷന്‍ കുട്ടികളുമായി അനന്തപുരിയിലെ ഒരോപ്പണ്‍ ടെറസില്‍ പട്ടാളകുപ്പിയുമായി വിസ്‌തരിച്ചൊന്നു കുടി. സത്യത്തില്‍ സങ്കടം തോന്നിപോയി. അടുത്തകാലത്തൊന്നും നമ്മുടെ മാധ്യമലോകത്ത്‌ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കില്ല.

പണ്ട്‌ ചില പേപ്പര്‍ മുതലാളികള്‍ വിചാരിച്ചിരുന്നു. സര്‍ഗാത്മക സാഹിത്യകാരന്‍മാര്‍ക്ക്‌ പത്രപ്രവര്‍ത്തനകച്ചവടത്തെ രക്ഷിക്കാനാവുമെന്ന്‌! അങ്ങിനെ ചില ക്രിയേറ്റീവ്‌ റൈറ്റേഴ്‌സിനെ പേപ്പറിന്റെ എഡിറ്റര്‍മാരും, ന്യൂസ്‌ എഡിറ്റര്‍മാരുമൊക്കെ ആക്കി. അങ്ങിനെ ലാസ്റ്റ്‌ എന്തുണ്ടായി എന്ന്‌ വെച്ചാല്‍ പേപ്പര്‍ ആപ്പീസില്‍ നിന്ന്‌ ഇവര്‍ റണ്‍ചെയ്‌തു. എസ്‌കെയ്‌പ്പിന്‌ ശേഷം ഇവര്‍ പ്രസ്‌ക്ലബിന്റെ ചില്ലിന്‌ കല്ലെറിഞ്ഞ്‌ കൊണ്ട്‌ പറഞ്ഞു: റൈറ്റേഴിസിന്റെ സെമിത്തേരിയാണ്‌ ജേര്‍ണലിസം എന്ന്‌.

അതുകൊണ്ടൊരു ഭാഗ്യമുണ്ടായി. സ്വപ്‌നജീവികളല്ലാത്ത നല്ല പത്ര പ്രവര്‍ത്തകരെ നമുക്ക്‌ കിട്ടി. സ്വപ്‌ന ജീവികള്‍ ചിത്രം/കഥ/കവിത/നാടകം/സിനിമ എന്നിവ എഴുതി കാലം കഴിക്കാമെന്ന്‌ കണക്ക്‌ കൂട്ടവെ ദൈവം വീണ്ടും അന്തകവിത്തിട്ടു. വേഷം കെട്ടിതെയ്യത്തിന്റെ വരവുണ്ടായത്‌പോലെ എഴുത്തായ എഴുത്തൊക്കെ നെറ്റാക്കികെട്ടി ബ്ലോഗന്‍മാരകുടെ വരവുണ്ടായി.

ടി.വി വന്നപ്പോള്‍ എഴുത്ത്‌ മരിച്ചു!
അപ്പോള്‍ സീരിയല്‍ റൈറ്റര്‍ പറയുന്നു: ഇനി ഏതെഴുത്തും ദൃശ്യഭാഷയിലൂടെ മാത്രമേ സാധ്യമാകൂ.

ഇപ്പോള്‍ ബ്ലോഗന്‍മാര്‍ പറയുന്നു. പു-സ്‌-ത-വായന പോയി. ഇ-വായനമാത്രം. തപാല്‍ പെട്ടിയില്‍ രചനകള്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടിനിയത്തെകാലം കാര്യമൊന്നുമില്ല.

ആര്‍ട്ടിക്കിള്‍സ്‌ ഇ-മെയില്‍തന്നെ പോസ്‌റ്റ്‌ ചെയ്‌താലേ മാലോകര്‍വായിക്കൂ.

ഒന്നല്ല, രണ്ടായിരത്തിലധികം പേരെഴുതുന്ന, പത്തല്ല, പതിനായിരത്തിലധികം പേര്‍ വായിക്കുന്ന, കൊല്ലത്തില്ല്‌ല, അന്നന്ന്‌ നൂറ്‌ കണക്കിന്‌ രചനകളുണ്ടാകുന്ന ബ്ലോഗില്‍ നിങ്ങളെഴുതിയില്ലെങ്കില്‍ നിങ്ങള്‍ ചത്ത്‌ പോകും. ചത്തോന്റെ ജാതകം പിന്നെ ആര്‌ നോക്കും.

പുത്തകം ചത്ത്‌ പോവുകവഴി അച്ചടിക്കാരന്റെയും, പേപ്പറ്‌ ചത്ത്‌ പോവുകവഴി എഡിറ്റര്‍മാരുടെയും കാലം കഴിഞ്ഞു. കാലന്‍ കോഴികൂവുന്നു. ഏതെല്ലാം എഴുത്തുകാരന്റെ ചാവാണപ്പാകേക്കണ്ടിവരിക.

ഇനികൊന്നാലും ചാവാത്തവരോട്‌ പറയട്ടെ. നാളത്തെ എഴുത്താണ്‌ പോലും ബ്ലോഗ്‌!

എല്ലാബ്ലോഗെഴുത്തുകാരുടെയും വിചാരം ലോകം എപ്പോഴും അവരെ വായിച്ച്‌ കൊണ്ടിരിക്കുന്നുവെന്നാണ്‌. സത്യത്തില്‍ ആരാണ്‌ ബ്ലോഗെഴുത്തുകാരെ വായിക്കുന്നത്‌. പത്രപ്രവര്‍ത്തനം എന്ന ഗോസ്‌റ്റ്‌ റൈറ്റിങ്ങ്‌ 'പ്രേത'മായി തന്നെ ഇവിടെ നില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഏത്‌ ബ്ലോഗെഴുത്താണ്‌ നമ്മെ പുതിയ കാലത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്നത്‌.

സുഹൃത്തെ, ഇതറിയണമെങ്കില്‍ എം. മുകുന്ദന്റെ കഥാപാത്രത്തെപോലെ നാല്‌പതാം വായസിലെങ്കിലും ഒരു ഇ-മെയില്‍ വിലാസം നിങ്ങള്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു. പുതിയ വിലാസത്തില്‍ നിങ്ങള്‍ക്ക്‌ നിങ്ങളെ പോസ്‌റ്റ്‌ ചെയ്യാനാവുന്നില്ലെങ്കില്‍ ഒരു ഇ-സര്‍ജനെത്തി നിങ്ങളെ പോസ്‌റ്റ്‌ മോര്‍ട്ടം ചെയ്യും. തീര്‍ച്ച.

ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ (ഫ്രീലാന്‍സര്‍)
ഹരീഷ്‌ പന്തക്കല്‍ 9387841878

No comments:

Post a Comment